Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, മേയ് 15, 2018

രക്തസാക്ഷികളുടെ മക്കൾ

          രണ്ടു ചെറുപ്പക്കാർ. ഉപരിപഠനകാലത്ത് ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരാണെന്ന് സങ്കൽപ്പിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിടത്തിലാണെന്ന് സങ്കല്പിക്കാം. സ്ത്രീയോ പുരുഷനോ ആയിരിക്കാം. അല്ലെങ്കിൽ ഒരാൾ സ്ത്രീയും മറ്റെയാൾ പുരുഷനുമായിരിക്കാം. രണ്ടുപേരും പരിചയപ്പെട്ടു. അവരുടെ ജാതിയും മതവും ലിംഗവും പാർട്ടിയും അറിയാത്തതുകൊണ്ട് നമുക്കവരെ 'എക്സ്'  എന്നും 'വൈ' എന്നും വിളിക്കാം.

എക്സ് ചോദിച്ചു. "അച്ഛനും അമ്മയും ഇല്ലേ?"
വൈ പറഞ്ഞു. "അമ്മയുണ്ട്. അച്ഛനില്ല."

"എനിക്കും. അച്ഛൻ മരിച്ചുപോയി. ആരോ കൊന്നതാ." എക്സ്  പറഞ്ഞു. മുഖത്ത് അതുവരെയുണ്ടായിരുന്ന ഉന്മേഷം മാഞ്ഞുപോയി. പാർട്ടിയുടെ പതാക പുതപ്പിച്ച മൃതദേഹം മനസ്സിൽ തെളിഞ്ഞു.

"എന്റെ അച്ഛനെയും കൊന്നതാ." അച്ഛനെ മനസ്സിൽ സങ്കൽപ്പിക്കാൻ ശ്രമിച്ചു.

രണ്ടു പാർട്ടികളിൽപ്പെട്ടവരാണെങ്കിലും ഈയൊരു കാര്യത്തിൽ തുല്യ അനുഭവമുള്ളവരാണെന്ന് അവർ പരസ്പരം തിരിച്ചറിഞ്ഞു.

വൈ ചോദിച്ചു. "നീ നിന്റെ അച്ഛനെ കണ്ടിട്ടുണ്ടൊ?"

"കണ്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലായിരുന്നല്ലോ അത്. നേഴ്സറിയിൽ പഠിക്കുന്ന കാലമായിരുന്നു. മുഖം വ്യക്തമാവുന്നില്ല.

"ഞാൻ കണ്ടതേ ഓർക്കുന്നില്ല. മുലകുടി മാറാത്ത കുട്ടിയയായിരുന്നത്രെ അപ്പോൾ ഞാൻ."

അവർ കൂട്ടുകാരായി.

"ഒരേ അനുഭവമുള്ളവരായതുകൊണ്ടാ നമ്മൾ പെട്ടെന്ന് അടുപ്പത്തിലായത്." എക്സ് ആണ് അങ്ങനെ പറഞ്ഞത്.

അപ്പോൾ വൈ പറഞ്ഞു. "ചെറുപ്പത്തിൽ ഞാനാരോടും കൂട്ടുകൂടാറുണ്ടായിരുന്നില്ല. വീട്ടിനടുത്തുള്ള മൈതാനത്തിൽ കുറേ കുട്ടികൾ കളിക്കാറുണ്ടായിരുന്നു. പക്ഷെ, ഞാൻ അവരോടൊപ്പം കൂടാറില്ല. ആ കുട്ടികളിലെ ആരുടെയൊ അച്ഛനായിരുന്നു എൻറെ അച്ഛനെ കൊന്നത്."

പിന്നെ രണ്ടുപേരും കൈകൾ കോർത്തുപിടിച്ചു നടന്നു.
***

തിങ്കളാഴ്‌ച, ജനുവരി 08, 2018

ഒരു കന്യാകുമാരി യാത്ര

ആദ്യം പോയത് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. അവിടെ ക്യാമറയോ മൊബൈൽഫോണോ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലെന്നു ഗൈഡ് പറഞ്ഞതനുസരിച്ച് ഇവരണ്ടും വാഹനത്തിൽത്തന്നെ വച്ചു. അതുകൊണ്ട് അവിടുത്തെ ദൃശ്യങ്ങൾ ഒന്നും പകർത്താനായില്ല.

വൈകുന്നേരത്തോടെ കന്യാകുമാരിയിലെത്തി. അസ്തമയം കണ്ടു. ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന സ്ഥലം ഒരു ഗാന്ധിസ്മാരകമായി സംരക്ഷിച്ചത് ആദരവോടെ ഒരു നിമിഷം നോക്കിനിന്നു. കന്യാകുമാരിദേവിയെ വണങ്ങി. പിറ്റേന്നു കാലത്ത് ഉദയം കാണാനായി നാല്പത്തിയഞ്ചു മിനുട്ടുകളോളം കാത്തുനിന്നു. പക്ഷെ, ആ സുന്ദരമായ കാഴ്ചയെ ഒരു ചെറിയ കാർമേഘം ഞങ്ങളുടെ മുന്നിൽനിന്നും മറച്ചുകളഞ്ഞു.

പിന്നെ രണ്ടുമണിക്കൂറോളം നീണ്ട ക്യൂ നിന്നതിനുശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക്. വിവേകാനന്ദസ്മാരകത്തിന്റെ തോട്ടപ്പുറത്തെ പാറയുടെ മുകളിൽ കരയിലേക്ക് നോക്കിനിൽക്കുന്ന തമിഴ് കവി തിരുവള്ളുവരുടെ കൂറ്റൻ ശിൽപം. രണ്ടുപാറകൾക്കുചുറ്റും അർത്തലക്കുന്ന തിരമാലകൾ... സമുദ്രത്തിന്റെ ഉപ്പുമണമുള്ള കാറ്റ്... മൂന്നു സമുദ്രങ്ങൾ ഒന്നായിമാറുന്ന നിർവൃതി...

കന്യാകുമാരിയിൽനിന്നും തിരിച്ചുവരുന്ന വഴി ആദ്യം കയറിയത് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിലാണ്. ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.ശുചീന്ദ്രത്തിനു ശേഷം പദ്‌മനാഭപുരം കൊട്ടാരത്തിലേക്കായിരുന്നു. കന്യാകുമാരി ജില്ലയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നതെങ്കിലും കേരള സർക്കാരിന്റെ കൈവശമാണിത്. കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കൊട്ടാരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണ് തായ്‌ക്കൊട്ടാരം. രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് (1592 - 1610) ഈ കൊട്ടാരം പണികഴിപ്പിച്ചത്. ബാക്കിയുള്ളവ ഓരോ കാലത്തെയും ഭരണാധികാരികൾ ആതാതുകാലത്തെ ആവശ്യാനുസരണം നിർമ്മിച്ചതാണ്. ആപൽഘട്ടങ്ങളിൽ ചാരോട് കൊട്ടാരത്തിലേക്ക് രക്ഷപ്പെടാൻ നിർമ്മിച്ച തുരങ്കം കാണാൻ ആഗ്രഹമുണ്ടായിരുന്നു. അത് പക്ഷെ, ഇപ്പോൾ അടച്ചിട്ടിരിക്കുന്നതിനാൽ കാണൻ സാധിച്ചില്ല. കൊട്ടാരത്തിനകത്ത് ക്യാമറകൾ ഉപയോഗിക്കാൻ കാശ് കൊടുത്തു പാസ്സ് എടുക്കേണ്ടതുണ്ട്‌ എന്നതിനാൽ ഫോട്ടോയും വീഡിയോയും സെൽഫിയുമൊയ്‌ക്കെ എടുക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.